കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിപറഞ്ഞ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യത്തിന് നീക്കവുമായി അഭിഭാഷക ടി.ബി. മിനി.
കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്ന ജഡ്ജിയുടെ പരാമർശത്തിനെതിരെയാണ് നീക്കം. സംഭവത്തിൽ അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകി.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു ജഡ്ജി ഹണി എം. വര്‍ഗീസിന്റെ പരാമര്‍ശങ്ങള്‍.
പത്ത് ദിവസത്തിൽ താഴെ മാത്രം കോടതിയിൽ എത്തിയ ആളാണ് ടി.ബി. മിനിയെന്നും വന്നശേഷം കോടതിയിൽ ഇരുന്ന് ഉറങ്ങുകയാണ് പതിവെന്നും അനാവശ്യമായ കാര്യങ്ങൾ കോടതിയ്ക്ക് പുറത്ത് പോയി പ്രചരിപ്പിച്ചു എന്ന് തൂടങ്ങിയ വിമർശനങ്ങളാണ് ഓപ്പൺ കോടതിയിൽ ടി.ബി മിനിയ്ക്കെതിരെ ജഡ്ജി ഹണി എം. വർഗീസ് ആരോപിച്ചത്.
എന്നാൽ ജഡ്ജിയുടെ പരാമർശങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് ടി.ബി. മിനി ചൂണ്ടിക്കാണിച്ചിരുന്നു. കോടതിയിലെ ഉദ്യോഗസ്ഥയായ അഭിഭാഷകയെ അപമാനിക്കുന്നതാണ് പരാമര്‍ശങ്ങൾ. ജഡ്ജിയുടെ പരാമര്‍ശം വ്യക്തിപരമായും അഭിഭാഷക എന്ന നിലയിലും അപമാനിതയാക്കി. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്നും ടി.ബി. മിനി പറഞ്ഞു.
താന്‍ മറ്റൊരു കേസില്‍ ഹാജരായതിനാലാണ് കോടതിയില്‍ എത്താതിരുന്നത്. ആ ദിവസം ജൂനിയര്‍ അഭിഭാഷകയെ പ്രിന്‍സിപ്പല്‍ സെഷന് കോടതിയിലേക്ക് അയച്ചിരുന്നു. ആ ദിവസം മറ്റ് അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും സാന്നിധ്യത്തിലായിരുന്നു ജഡ്ജിയുടെ പരാമര്‍ശങ്ങളെന്നും ടി.ബി. മിനി പ്രതികരിച്ചിരുന്നു.
ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ ഭരണതലത്തില്‍ നടപടിയാവശ്യപ്പെട്ട് ടി.ബി. മിനി നേരത്തെ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കറ്റ് ജനറലിന് അപേക്ഷ നല്‍കിയിരിക്കുന്നത്.